തിരുവനന്തപുരം: ഉഷ്ണതരംഗത്തിനു സമാനമായ കടുത്ത ചൂടില്‍ ഉരുകി കേരളം. പാലക്കാട് ജില്ലയില്‍ ഇന്നലെ പകല്‍ താപനില 40 ഡിഗ്രി സെല്ഷസിനു മുകളിലെത്തി. 40.1 ഡിഗ്രി സെല്‍ഷസ് ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.
സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷസ് വരെ ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലകളില്‍ ചൂട് അതികഠിനമായി മാറാനിടയുള്ളതിനാല്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഉയര്‍ന്ന താപനിലയ്ക്കൊപ്പം വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കൂടിയതും അനുഭവപ്പെടുന്ന ചൂട് യഥാര്‍ഥ താപനിലയേക്കാള്‍ കൂടുതലായിരിക്കും.
അതിനാല്‍ പകല്‍ സമയങ്ങളില്‍ ഏറെ നേരം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ക്ക് സൂരാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.